മലയാളത്തിലാകുന്ന പിഎസ്‌സി പരീക്ഷ

Written by: Ahammed P

dummy

രാഷ്ട്രീയമാകട്ടെ, സാംസ്ക്കാരികമാട്ടെ, കേരളത്തിലിപ്പോൾ മലയാള ഭാഷ ഹോട്ട് ടോപിക്കാണ്. രാജ്യത്തെ ഒന്നിപ്പിക്കാൻ ഹിന്ദിയ്ക്ക് കഴിയുമെന്ന കേന്ദ്രമന്ത്രിയുടെ വാദത്തെ ചൊല്ലി തെന്നിന്ത്യൻ സംസ്ഥാനങ്ങളിലുയർന്ന അമർഷമാണ് നേരത്തെ പറഞ്ഞ രാഷ്ട്രീയ കാരണം. മാതൃഭാഷയായ മലയാളത്തെ അങ്ങനെയങ്ങ് വിട്ടുകൊടുക്കാൻ മലയാളികൾ തയ്യാറല്ല. ഇപ്പുറത്ത് മറ്റൊരു ആവശ്യവുമായി കേരളത്തിലെ സാംസ്ക്കാരിക പ്രമുഖർ സത്യാഗ്രഹമിരിക്കുകയാണ്. ഇതിലും കാര്യം മലയാളം തന്നെ.

 

വിഷയമിതാണ്… കേരള സർക്കാരിലേക്ക് പബ്ലിക് സർവ്വീസ് കമ്മിഷൻ (പിഎസ്‍സി) നടത്തുന്ന പരീക്ഷകൾ സർവത്രയും മലയാളത്തിലാക്കണമെന്നാണ് സാംസ്ക്കാരിക രംഗത്തെ പ്രമുകരുടെ ആവശ്യം. ഈ ആവശ്യവുമായി തിരുവോണനാളിൽ കേരളത്തിലങ്ങോളമിങ്ങോളം ഉപവാസ സമരം നടന്നു. പ്രശസ്ത തിരക്കഥാകൃത്ത് അടൂർ ഗോപാലകൃഷ്ണൻ, കവിയത്രി സുഗതകുമാരി, എംടി വാസുദേവൻ നായർ, ബാലചന്ദ്രൻ ചുള്ളിക്കാട് തുടങ്ങി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി വരെ സമരത്തിൻറെ ഭാഗമായി. കെഎഎസ് ഉള്‍പ്പടെ പിഎസ്‌സി പരീക്ഷകള്‍ മലയാളത്തിലും മറ്റു ന്യൂനപക്ഷ ഭാഷകളിലും നടത്തണമെന്ന് ആവശ്യപ്പെട്ട് ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേത്യത്വത്തില്‍ പിഎസ്‌സി ആസ്ഥാനത്തിനു മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം നടക്കുകയാണ്. പിഎസ്‌സി പരീക്ഷ മലയാളത്തിലാക്കുമെന്ന അറിയിപ്പ് ഔദ്യോഗികമായി ലഭിച്ചാൽ മാത്രമെ സമരം നിർത്തുവെന്നാണ് ഏറ്റവുമൊടുവിൽ കേട്ടത്.

 

മലയാളം ഭാഷ സംരക്ഷിക്കപ്പെടേണ്ടതു തന്നെ. അതിന് സംസ്ഥാന സർക്കാരിൻറെ ഭാഗത്തു നിന്ന് ശ്രമങ്ങൾ ഉണ്ടാകേണ്ടതുണ്ട്. സർക്കാർ സർവ്വീസുകളിലേക്കുള്ള പരീക്ഷകൾ മിക്ക സംസ്ഥാനങ്ങളും അവരുടെ പ്രാദേശിക ഭാഷയ്ക്ക് പ്രാധാന്യം നൽകിയാണ് നടത്തുന്നത്. എന്നാൽ കേരളത്തിത്തിൽ ഒട്ടുമിക്ക പിഎസ്‌സി പരീക്ഷകൾക്കും മലയാളത്തിൽ ഉത്തരമെഴുതാമെങ്കിലും ഡെപ്യൂട്ടി കലക്ടർ അടക്കമുള്ള ഉയർന്ന തസ്‌തികകളിൽ പരീക്ഷയ്‌ക്ക് ഇംഗ്ലീഷിലാണ്‌ ഉത്തരമെഴുതേണ്ടത്‌. ഇതടക്കമുള്ള തസ്‌തികകൾ സംയോജിപ്പിച്ച്‌ നിലവിൽവരുന്ന കെഎഎസിന്റെ അന്തിമപരീക്ഷയ്‌ക്ക്‌ മലയാളത്തിലും ഉത്തരമെഴുതാൻ പിഎസ്‌സി അനുമതി നൽകിയിട്ടുണ്ടെങ്കിലും ചോദ്യങ്ങൾ ഇപ്പോഴും ഇംഗ്ലീഷിലാണ്. 

 

അതേസമയം, പിഎസ്‌സി പോലുള്ള പൊതു പരീക്ഷകൾ മലയാളത്തിലാക്കുമ്പോൾ ചില പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടതുണ്ട്. അത്രമാത്രം സംസ്കൃതവൽക്കരിച്ച ഭാഷയാണ് നമ്മളിപ്പോഴും ഔദ്യോഗിക ഭാഷയായി കാണുന്നത്. ഭരണസംവിധാനത്തിൽ പോലും മലയാളവൽക്കരണം സാധാരണക്കാരന് ഇതുവരെ ദഹിച്ചിട്ടില്ല.

 

യഥാർത്ഥ പ്രശ്നം ഇതിലുമപ്പുറമാണ്. വടക്കൻ കേരളത്തിൽ, പ്രത്യേകിച്ച് മലപ്പുറം, കോഴിക്കോട് ഉൾപ്പെടുന്ന മലബാർ മേഖലയിൽ, മാതൃഭാഷയ്ക്കപ്പുറം മലയാളം ഒരു പഠനവിഷയമായെ അവർ കാണുന്നില്ല. ഈ മേഖലകളിൽ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും അറബിക് അടക്കമുള്ള മറ്റു ഭാഷകളാണ് അവരുടെ ഐച്ഛിക ഭാഷയായി തെരഞ്ഞെടുത്ത് പഠിക്കുന്നത്. ചിറകുമുളയ്ക്കുമ്പോഴെ ഗൾഫുനാടുകളിലെ പ്രവാസജീവിതത്തിലേക്ക് പറക്കാനാഗ്രഹിക്കുന്ന ഇവർക്ക് മലയാളത്തെക്കാൾ ഉപകാരപ്പെടുക അവർ തെരഞ്ഞെടുത്ത അറബിയായിരിക്കും. മറ്റു പലരും ഹിന്ദിയും ഉർദുവും ഫ്രഞ്ച് അടക്കമുള്ള വിദേശ ഭാഷകളും തെരഞ്ഞെുക്കുന്നു. അതായത്, മലയാളികളിൽ ഏറിയ പങ്കും മലയാള ഭാഷ വ്യാകരണത്തെ കുറിച്ച് അധികം ധാരണയില്ലാത്തവരാണെന്ന് നിസ്സംശയം പറയാനാകും. 

 

ആദ്യമായി പിഎസ്‌സി പരീക്ഷയ്ക്കിരിക്കുന്നവരിൽ പലരും മലയാള വ്യാകരണം പരിശോധിക്കുന്ന പത്തു മാർക്കിൻറെ ചോദ്യങ്ങൾക്ക് മുന്നിൽ പകച്ചുപോയവരാകും. എന്താണ് കർമണി പ്രയോഗം, എന്താണ് കർത്തരി പ്രയോഗം എന്നൊക്കെ ചോദിച്ചാൽ പത്തിൽ എട്ടുപേരും മേൽപോട്ട് നോക്കും. തങ്ങൾ സ്ഥിരം ഉപയോഗിക്കുന്ന പ്രയോഗങ്ങൾക്ക് ഇങ്ങനെയൊക്കെ പേരുണ്ടെന്ന് അപ്പോഴാകും അവരറിയുന്നത്. മലയാളത്തിൻറെ ഘടനാപരവും പ്രയോഗപരവുമായ നിയമങ്ങൾ അത്രമാത്രം സംസ്കൃതവൽക്കരിക്കപ്പെട്ടതാണെന്നത് വേറെ കാര്യം. 

 

പിഎസ്‌സി ചോദ്യങ്ങൾ ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേക്ക് മൊഴിമാറ്റുമ്പോൾ മേൽപറഞ്ഞ വിഭാഗങ്ങളെയും പരിഗണിക്കുന്ന തരത്തിലാകണമത്. പരീക്ഷ മലയാളത്തിലാക്കണമെന്നു പറയുന്ന സാംസ്ക്കാരിക നായകരുടെ ഭാഷയാവണമെന്നില്ല സാധാരണക്കാരൻറെ ചോയ്സ്. അവർ പറയുന്നതും മലയാളമാണ്. സംസ്കൃതവൽക്കരിക്കപ്പെട്ടതല്ലെന്ന് മാത്രം. കേരളമെന്ന ചെറിയ പ്രദേശത്തിനപ്പുറം മലയാള ഭാഷയ്ക്ക് യുവതലമുറയുടെ തൊഴിൽ താൽപര്യങ്ങൾക്ക് പ്രയോജനമാകും വിധം കൂടുതലൊന്നും ചെയ്യാനില്ല. ഉന്നത വിദ്യാഭ്യാസ മേഖലയെല്ലാം ഇംഗ്ലീഷിലുമാണ്. അത്തരം സാഹചര്യത്തിൽ പുതുതലമുറയെകൊണ്ട് മലയാളം സാഹിത്യം പഠിപ്പിച്ചെടുക്കുക അസാധ്യമാണ്. അതിനാൽ തന്നെ സംസ്കൃതവൽക്കരണം പരമാവധി കടന്നുകൂടാത്ത മൊഴിമാറ്റമായിരിക്കണം ഇക്കാര്യത്തിൽ സ്വീകരിക്കേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *