പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ളവർ കച്ചവടത്തിനായി ഇന്ത്യയിലെത്തിയപ്പോൾ ഭാഷയായിരുന്നു പ്രധാന വില്ലൻ. ഇവിടത്തെ അധികാരികൾ വലിയൊരു വിപണി തുറന്ന് വെച്ചെങ്കിലും പലനാട്ടിലെ വിവിധ ഭാഷകൾ വലിയ തോതിൽ തന്നെ അവരെ കുഴപ്പത്തിലാക്കി. ഈ പ്രതിസന്ധി മറികടക്കാൻ ആദ്യമവർ ചെയ്തത് ഒരു കൂട്ടം ആളുകളെ തിരഞ്ഞെടുത്ത് തങ്ങളുടെ ഭാഷ പഠിപ്പിച്ചുവെന്നതാണ്. ഈ ആളുകളെ വെച്ച് വിവർത്തനം ചെയ്ത് അവരുടെ കച്ചവട സാധ്യത വിപുലപ്പെടുത്തി. ഇതിൻ്റെ ഭാഗമായി ഇന്ത്യയിലേക്ക് പശ്ചാത്യ ഭാഷ അവതരിക്കപ്പെട്ടു ഇംഗ്ലീഷ് വിദ്യാഭ്യാസം വളരെയധികം പ്രചരിക്കപ്പെട്ടു. ഇതേ സാഹചര്യമാണ് ആഗോള വിപണിയിലെ മികച്ച ബ്രാൻഡുകൾ ഇന്ത്യൻ വിപണിയിലേക്ക് കാലുറപ്പിക്കുമ്പോഴും നിലനിൽക്കുന്നത്. എന്നാൽ ഇന്ത്യക്കാരെ തങ്ങളുടെ ഭാഷ പഠിപ്പിക്കുകയെന്ന പഴയ ബുദ്ധിക്ക് പകരം പ്രാദേശിക ഭാഷകളിലേക്ക് തങ്ങളുടെ ഉല്പന്നങ്ങളും സേവനങ്ങളുമെത്തിക്കുകയെന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്. ഇത് പ്രാദേശികവത്കരണ വ്യവസായം പിറവിയെടുക്കുന്നതിന് കാരണമായി.
മറ്റേതൊരു വ്യവസായവും പോലെ ദിനംപ്രതി വളർന്ന് കൊണ്ടിരിക്കുന്ന വ്യവസായമാണ് ഭാഷയിലെ പ്രാദേശികവത്കരണം അല്ലെങ്കിൽ ലോക്കലൈസേഷൻ. പ്രാദേശികവത്കരണം എന്ന വാക്കിനെ ട്രാൻസ്ലിറ്ററേറ്റ് ചെയ്ത് ലോക്കലൈസേഷൻ എന്ന് പറഞ്ഞാൽ പോലും ആളുകൾക്ക് മനസ്സിലാകുന്ന രീതിയിലേക്ക് ഇന്ന് മലയാള ഭാഷ വളർന്നിട്ടുണ്ട്. എന്നിരുന്നാൽ പോലും മാതൃഭാഷയിൽ ലോകത്തെ അറിയാൻ ആളുകൾ ആഗ്രഹിക്കുന്നു. വിവരസാങ്കേതിക വിദ്യ ഇത്രയും വളർന്ന കാലഘട്ടത്തിൽ ലോകം ഒരു ഗ്രാമമായി മാറിയിരിക്കുന്നു എന്ന് വേണമെങ്കിൽ പറയാം. അത്തരമൊരു അന്തരീക്ഷത്തിൽ ആഗോള തലത്തിലുള്ള വിവിധ ബ്രാൻഡുകളെ കുറിച്ചും അവയുടെ സവിശേഷതകളെ കുറിച്ചും മാതൃഭാഷയിൽ അറിയാൻ കഴിയുന്നത് നല്ലൊരു കാര്യമാണ്.
കമ്പനികൾ അവരുടെ ഉല്പന്നങ്ങളും സേവനങ്ങളും ഗ്രാമീണ വിപണിയിലേക്കും എത്തിക്കാൻ ശ്രമിച്ചതോടെ ഉപഭോക്താക്കളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായി. സ്വന്തം കമ്പനി മികച്ച ലാഭം നേടുകയെന്നത് തന്നെയാണ് ഏതൊരു വ്യവസായിയുടെയും ആഗ്രഹം. ബിസിനസ്സ് മേഖലയിലെ ആഗോള മത്സരത്തിൽ നിലനിൽക്കാൻ ലോകമെമ്പാടുമുള്ള ഉപഭോക്താക്കളിലേക്ക് എത്തിച്ചേരേണ്ടത് ആവശ്യമാണ്. ഈ ആവശ്യമാണ് പ്രാദേശികവൽക്കരണ വ്യവസായം എന്നറിയപ്പെടുന്ന ഒരു പുതിയ തരം വ്യവസായത്തിന് ജന്മം നൽകിയത്. ഈയൊരു ഡിമാൻഡ് മനസിലാക്കിയാണ് വിവിധ അഡ്വർടൈസിംഗ്-ഡിജിറ്റൽ ഏജൻസികളുടെ പ്രവർത്തനം തന്നെ. ഏതൊരു കമ്പനിക്കും അതിന്റെ ഉൽപ്പന്നങ്ങളോ സേവനങ്ങളോ ഉപയോക്താക്കൾക്ക് എത്തിക്കുന്നതിനുള്ള വളരെ പ്രധാനപ്പെട്ട ഉപകരണമാണ് മാർക്കറ്റിംഗും പരസ്യം ചെയ്യലും. പ്രാദേശികവൽക്കരണം ഓരോ മേഖലയുടെയും ആവശ്യകതയായി മാറുന്നു എന്നാണ് ഇതിനർത്ഥം. പരസ്യ വ്യവസായത്തിലും കൂടുതൽ കമ്പനികൾ പ്രാദേശിക ഭാഷകളെ ആശ്രയിക്കുന്നു. അച്ചടി, ടിവി, ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ (Google, Facebook, Instagram തുടങ്ങിയവയിലെ വിവിധ വെബ്സൈറ്റുകൾ) പ്രാദേശിക ഭാഷകളിലെ പരസ്യങ്ങളും നമുക്ക് കാണാം.
അതേസമയം, ഒരു വ്യവസായമെന്ന നിലയിൽ പ്രാദേശികവത്കരണം കുറച്ച് വർഷങ്ങളായി ജനപ്രീതി നേടുന്നുണ്ടെങ്കിലും ഒരു കരിയർ ഓപ്ഷനായി ഇതുവരെ ആളുകളിലേക്ക് എത്തിയിട്ടില്ല. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, മെഷീൻ ലേണിംഗ്, നാച്ചുറൽ ലാംഗ്വേജ് പ്രോസസ്സിംഗ് തുടങ്ങിയ മേഖലകളിൽ കമ്പ്യൂട്ടറൈസേഷൻ വികസിച്ച് കൊണ്ടിരിക്കുകയാണ്. എന്നിരുന്നാൽ പോലും ഭാഷയും അവയുടെ ഉദ്ദേശ്യവും വിശദീകരിക്കുന്നതിന് യന്ത്രങ്ങൾക്ക് ഒരു പ്രാദേശികവൽക്കരണ പ്രക്രിയ ആവശ്യമാണ്.
ലോക്കലൈസേഷൻ എന്ന വാക്കിൻ്റെ നേരിട്ടുള്ള വിവർത്തനമാണ് പ്രാദേശികവത്കരണം. ഒരു ഭാഷയുടെയോ പ്രദേശത്തിൻ്റെയോ വിവരങ്ങൾ, ഉൽപ്പന്നങ്ങൾ, സാഹിത്യം അല്ലെങ്കിൽ സേവനങ്ങൾ മറ്റൊരു പ്രദേശത്തെ ആളുകൾക്ക് അവരുടെ ഭാഷയ്ക്കും സംസ്കാരത്തിനും അനുസരിച്ച് യഥാർത്ഥ രൂപം ചോരാതെ എത്തിക്കുക എന്നതാണ് ഇതിനർത്ഥം. പ്രാദേശികവൽക്കരണം എന്നാൽ എന്താണെന്ന് മനസിലാക്കാൻ ഇപ്പോൾ എളുപ്പമാണ്. പ്രാദേശികവൽക്കരണം ഒരു ഭാഷയിൽ നിന്ന് മറ്റൊന്നിലേക്ക് വിവർത്തനം ചെയ്യുന്ന പ്രക്രിയയല്ല എന്നതും ഓർമിക്കേണ്ടതാണ്. എന്നിരുന്നാലും, പ്രാദേശികവൽക്കരണത്തിൻ്റെ ആവശ്യകത കാരണം ഈ വ്യവസായത്തിൻ്റെ വ്യാപ്തിയും വർദ്ധിച്ചു. തൽഫലമായി, പ്രാദേശിക ഭാഷകൾ അറിയുന്നവർക്കായി നിരവധി പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു.
100 കോടിയിലധികം ജനങ്ങളുള്ള ഇന്ത്യ ആഗോള ബ്രാൻഡുകളെ സംബന്ധിച്ച് വലിയ വിപണിയാണ്. ഇംഗ്ലീഷും ഹിന്ദിയും അറിയാത്ത പ്രാദേശിക ഭാഷ മാത്രം അറിയുന്ന വലിയൊരു കൂട്ടം ആളുകളിലേക്ക് എത്തിച്ചേരുക വഴി കമ്പനികൾ തങ്ങളുടെ ബിസിനസ്സ് വിപുലീകരിക്കാൻ ആഗ്രഹിക്കുന്നു. എന്നാൽ റിമോട്ട് ഏരിയകളിലുള്ള ഉപഭോക്താവിലേക്ക് പോലും തങ്ങളുടെ ഉല്പന്നങ്ങളെത്തിക്കാൻ ഭാഷ അവർക്കൊരു തടസ്സമായി മാറി. ഈ പ്രതിസന്ധി മറികടക്കാൻ പ്രാദേശികവത്കരണം ഏറെ സഹായിച്ചിട്ടുണ്ട്. ആശയങ്ങൾ കൃത്യമായി പ്രതിനിധീകരിക്കുന്നതിലും ഉദ്ദേശിച്ച ആശയം വ്യക്തമാക്കുന്നതിലും യന്ത്ര വിവർത്തനം ഇപ്പോഴും പരാജയം തന്നെയാണ്. അത്തരമൊരു സാഹചര്യത്തിലാണ് പ്രാദേശിക വിവർത്തകരുടെ ആവശ്യം വരുന്നത്. വിവർത്തനം ചെയ്യുന്ന ഉള്ളടക്കത്തെ കുറിച്ചും ആവിഷ്ക്കരിക്കേണ്ട രീതിയെ കുറിച്ചും വ്യക്തമായ ധാരണയുള്ള വിവർത്തകർക്ക് ഇത് എളുപ്പമാണ്. സമൂഹത്തിൽ സംസാരിക്കുന്ന സ്വാഭാവിക ഭാഷയുടെ സവിശേഷതകൾ അറിയുന്ന ഒരാൾക്ക് സാമൂഹിക മാനസികാവസ്ഥയെയും സാംസ്കാരിക മൂല്യങ്ങളെയും കുറിച്ച് ധാരണയുണ്ടെങ്കിൽ പ്രാദേശികവൽക്കരണ വ്യവസായത്തിൽ തൻ്റെ കരിയർ സൃഷ്ടിക്കാൻ കഴിയും.
പ്രാദേശിക ഭാഷയിലേക്കുള്ള വിവർത്തനം രണ്ട് പ്രദേശങ്ങൾ അല്ലെങ്കിൽ ഭാഷാ ഗ്രൂപ്പുകൾക്കിടയിൽ മാത്രമല്ല, ജനങ്ങളുടെ സാങ്കേതിക ആവശ്യങ്ങൾ നിറവേറ്റാനും സഹായിക്കുന്നു. Amazone, Flipcart, PhonePe, Facebook, Google Assistant, Google Pay, Amazone Pay, Alexa എന്നിവ പോലെ ആളുകൾക്ക് സേവനങ്ങൾ നൽകുന്ന പ്ലാറ്റ്ഫോമുകള് നിങ്ങൾക്ക് പ്രാദേശിക ഭാഷകളിൽ കണ്ടെത്താൻ കഴിയും. ഇലക്ട്രോണിക് വസ്തുക്കൾ, മരുന്നുകൾ അല്ലെങ്കിൽ ചില രാസവസ്തുക്കൾ എന്നിവയിൽ നിങ്ങൾ പലപ്പോഴും ഒരു ചെറിയ കടലാസ് കണ്ടിട്ടുണ്ട്. ഉപകരണങ്ങളുടെ വിശദാംശങ്ങൾ, മരുന്നിൻ്റെയോ രാസവസ്തുക്കളുടെയോ ഉപയോഗം, മറ്റ് നിർദ്ദേശങ്ങൾ എന്നിവ വിവിധ ഭാഷകളിൽ എഴുതിയ ഒരു പാക്കറ്റാണ് അത്. ആ പേപ്പർ വെറും ഒരു വിവർത്തനം മാത്രമല്ല, പ്രാദേശികവൽക്കരണത്തിലൂടെ ആ ഭാഷയിലെ കാര്യങ്ങളുടെ വിശദമായ വിവരങ്ങൾ നൽകുകയാണ് ചെയ്യുന്നത്.
ഓരോ കമ്പനിയും അതിൻ്റെ ഉൽപ്പന്നങ്ങളും സേവനങ്ങളും സംബന്ധിച്ച പ്രാദേശിക, ദേശീയ, അന്തർദ്ദേശീയ നിയമങ്ങളും ചട്ടങ്ങളും പാലിക്കാൻ ബാധ്യസ്ഥരാണ്. അതിനാൽ, കമ്പനികളുടെ നിബന്ധനകളുടെയും നിയമങ്ങളുടെയും വിശദാംശങ്ങൾ പ്രാദേശിക ഉപഭോക്താക്കളെ അറിയിക്കേണ്ടത് അത്യാവശ്യമാണ്. പ്രാദേശികവൽക്കരണ പ്രക്രിയയിൽ ഈ ജോലി അങ്ങേയറ്റം ബുദ്ധിമുട്ടാണ്. നിബന്ധനകളുടെ വിവർത്തനത്തിന് പുറമെ, അത് ശരിയായ അർത്ഥത്തിൽ ആളുകളിലേക്ക് എത്തിക്കേണ്ടതുമുണ്ട്. ഇത് ഉറപ്പാക്കുന്നതിന് അവലോകനവും ഗുണനിലവാര പരിശോധനയും വളരെ പ്രധാനമാണ്.
പ്രാദേശികവൽക്കരണ വ്യവസായത്തിൽ ഒരു കരിയർ കെട്ടിപ്പടുക്കുന്നതിന്, ഈ ആഗോള കമ്പനികളെ നിങ്ങളുടെ പ്രാദേശിക ഭാഷാ ഉപയോക്താക്കൾക്ക് എത്തിക്കുന്നതിൽ നിങ്ങൾ ഒരു ലിങ്കായിരിക്കണം. ഉദാഹരണത്തിന്, കേരളത്തിൽ ആഗോള ബ്രാൻഡുകളെ കുറിച്ചുള്ള നിർദ്ദേശങ്ങൾ മനസിലാക്കാൻ കഴിയുന്ന ഉപയോക്താക്കളുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോൾ, അവരുടെ ഉൽപ്പന്നങ്ങളെക്കുറിച്ചും സേവനങ്ങളെ കുറിച്ചുള്ള വിവരങ്ങൾ മലയാളത്തിൽ എത്തിച്ചാൽ ഈ കമ്പനികളുടെ ഉപഭോക്താക്കളുടെ എണ്ണം പലമടങ്ങ് വർദ്ധിക്കും. കേരളം ഉൾപ്പെടെ ഇന്ത്യയിലെ വിവിധ പ്രാദേശിക ഭാഷകളിൽ പ്രാദേശികവത്കരണം ഉപയോഗിച്ച് വിവിധ കമ്പനികൾ ദശലക്ഷക്കണക്കിന് ഉപഭോക്താക്കളിലേക്ക് എത്താൻ തുടങ്ങിയിരിക്കുന്നു. പ്രത്യേക ഭാഷ സംസാരിക്കുന്ന ആളുകൾക്ക് വിവരങ്ങൾ, ഉൽപ്പന്നങ്ങൾ, സേവനങ്ങൾ എന്നിവ വിതരണം ചെയ്യുന്നതിനും പ്രത്യേക വൈദഗ്ധ്യമുള്ള പ്രൊഫഷണലുകൾ ആവശ്യമാണെന്നതാണ് ഇതിനർത്ഥം പ്രദേശത്തിൻ്റെ സാംസ്കാരിക പരിസ്ഥിതിയും പ്രധാനം തന്നെ. പ്രാദേശികവൽക്കരണ പ്രക്രിയയ്ക്ക് പ്രാദേശിക ഭാഷയ്ക്ക് പുറമേ ഇംഗ്ലീഷ് ഭാഷ മനസ്സിലാക്കുകയും മികച്ച രീതിയിൽ കൈകാര്യം ചെയ്യുകയും വേണം.
May 22, 2021 — magnon