ദേശീയ പദ്ധതികളിലൊന്നായി പരിഗണിച്ച് പ്രാധാന്യത്തോടെ നടപ്പിലാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നതാണ് നദികളെ തമ്മിൽ ബന്ധിപ്പിക്കാൻ ഉദ്ദേശിച്ചുള്ള നദിസംയോജന പദ്ധതി. ദേശീയ പദ്ധതി എന്ന ലേബൽ വന്നതോടെ വനം, പരിസ്ഥിതി അനുമതികളൊക്കെ ഞൊടിനേരത്തിൽ യാഥാർത്ഥ്യമായി. എന്നാൽ, ഇത് കഥയുടെ ഒരുവശം മാത്രമാണ്. എല്ലാവരും സൌകര്യപൂർവം മറക്കുന്ന മറ്റൊരു വികൃതമുഖമുണ്ട് ഇതിന്. ഈ വൈകൃത്യത്തെ മറയ്ക്കുന്നത് പുരോഗതി, സമ്പത്ത് തുടങ്ങിയ മേമ്പൊടികൾ ചാർത്തിയാണ്. അതിന് മുന്നിൽ നിൽക്കുന്നതാകട്ടെ രാജ്യസ്നേഹികൾ എന്ന് സ്വയംപട്ടം ചാർത്തിയ രാഷ്ട്രീയ നേതാക്കളും. പരിസ്ഥിതി സ്നേഹികളും പരിസ്ഥിതി പ്രവർത്തകരും സർക്കാരിന്‍റെ ഈ പദ്ധതിയെ മുഴുബലത്താൽ എതിർക്കുന്നവരാണ്. ഈ പദ്ധതികൊണ്ട് ഗുണത്തേക്കാൾ ഏറെ ദോഷങ്ങളായിരിക്കും ഉണ്ടാകുകയെന്ന് ഉദാഹരണങ്ങളെ ചൂണ്ടിക്കാട്ടി അവർ സമർത്ഥിക്കുന്നു. ഈ പദ്ധതി നടപ്പിലായാൽ പരിസ്ഥിതിക്ക് സംഭവിക്കാൻ പോകുന്നത് ഒരിക്കലും പരിഹരിക്കാൻ കഴിയാത്ത വിനാശം ആയിരിക്കുമെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.
കോടി കണക്കിന് വർഷങ്ങളുടെ പഴക്കമുണ്ട് നദികളുടെ ഉത്ഭവത്തിന്. ഒരു നദി ഉത്ഭവിക്കുന്നതിനും അതിന്‍റെ ഒഴുക്കിനും കടലിൽ ചേരുന്നതിനുമൊക്കെ പരിസ്ഥിതിക്കൊരു കാരണമുണ്ട്. അതുകൊണ്ടാണ് എല്ലാ നദികളും കടലിൽ ചെന്ന് പതിക്കാത്തത്. നദികളിൽ ചിലത് ഇൻലാൻഡ് തടാകങ്ങളായ ക്യാപ്സിയൻ കടൽ, ആരൽ കടൽ എന്നിവയിലാണ് പതിക്കുന്നത്. ഇവയുടെ വലുപ്പത്തിന്‍റെ ബൃഹത്തതകൊണ്ട് വാലറ്റത്ത് കടൽ എന്ന് പേരുണ്ടെങ്കിലും ഇവ സ്വാഭാവികമായ തടാകങ്ങളാണ്. പ്രകൃതിയുടെ പ്രകൃതവും ഘടനയും ഒരേസമയം ലളിതവും സങ്കീർണ്ണവുമാണ്. അവയ്ക്ക് അവയുടേതായ നിർവചനങ്ങളും വ്യാഖ്യാനങ്ങളുമുണ്ടാകും. അത് കണ്ടെത്താൻ ആധുനിക ശാസ്ത്രം ഇനിയുമേറെ മുന്നോട്ട് പോകേണ്ടതായുണ്ട്.
ഓരോ നദിയുടെയും ഇക്കോസിസ്റ്റം ഓരോന്നാണ്. അതുകൊണ്ട് തന്നെ അതിൽ അതിവസിക്കുന്ന ജീവജാലങ്ങളുടെ പ്രകൃതവും തനതായിരിക്കും. കനാലുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന ലാഘവത്തോടെ ചെയ്യേണ്ട ഒന്നല്ല നദികളുടെ സംയോജനം. മനുഷ്യബുദ്ധിയിലുള്ള ഇത്തരം പദ്ധതികളാൽ ബാധിക്കപ്പെടുന്നത് അതിൽ അതിവസിക്കുന്ന ജീവിവർഗങ്ങളും മറ്റുമാണ്. നദികൾ വഴിതിരിച്ചു വിടുമ്പോൾ മനുഷ്യർക്കും പരിസ്ഥിതിക്കും ജീവിവർഗങ്ങൾക്കുമുണ്ടാകുന്ന പ്രത്യാഘാതങ്ങൾ എന്തൊക്കെയാണെന്ന് നമ്മുടെ കൺമുന്നിൽ ഉദാഹരണമുണ്ട്.
1950 കളിലും 60 കളിലുമാണ് യുഎസ്എസ്ആറിലെ ചില നദികൾ വഴിതിരിച്ചു വിട്ടത്. ആരൽ കടലിലേക്ക് ഒഴുകിയിരുന്ന നദിയെ, ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിലേക്ക് വഴിതിരിച്ചു വിട്ടു. നദികളെല്ലാം വഴിതിരിച്ച് വിട്ടതിന് പിന്നാലെ കാലക്രമേണ ആരൽ കടൽ വറ്റി തുടങ്ങി. ഭൂമിയിലെ നാലാമത്തെ വലിയ തടാകമായാണ് ആരൽ കടൽ അറിയപ്പെടുന്നത്. കടലോലം പോന്ന ആരൽ തടാകത്തെ പോലും വറ്റിച്ചു കളഞ്ഞിട്ടുണ്ട് പ്രകൃതിയുടെ കടയ്ക്കൽ കത്തി വെയ്ക്കുന്ന മനുഷ്യനിർമ്മിത പദ്ധതികൾ. 90കൾ ആയപ്പോഴേക്കും ആരൽ കടലിന്‍റെ വലുപ്പം ഉണ്ടായിരുന്നതിന്‍റെ 10 ശതമാനമായി ചുരുങ്ങി. ഇവയിലെ മത്സ്യസമ്പത്ത് ഇല്ലാതായി അപൂർവയിനം ജീവിവർഗങ്ങളും മറ്റും അപ്രത്യക്ഷമായി. ഇതോടെ ഇതുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തിയിരുന്ന ആളുകൾ നിത്യവൃത്തിക്ക് വഴിയില്ലാതെ നിസഹായരായി തീർന്നു. ഇനി വഴിതിരിച്ചുവിട്ട നദിയിലെ വെള്ളത്തിന് എന്ത് സംഭവിച്ചുവെന്ന് നോക്കാം. മരുഭൂമി കണക്കെ കിടന്ന സ്ഥലത്തേക്ക് പരുത്തികൃഷി നടത്താനായാണ് വെള്ളം കൊണ്ടുപോയത്. ആദ്യവർഷങ്ങളിൽ ഇത് വിജയിക്കുന്നതായുള്ള ലക്ഷണങ്ങൾ കാണിച്ചു. അക്കാലത്ത് ലോകത്തിലെ തന്നെ ഏറ്റവും വലിയ പരുത്തി കയറ്റുമതി യുഎസ്എസ്ആറിൽനിന്നായിരുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കാലക്രമേണ ആരൽ കടൽ വറ്റിയത് പോലെ തന്നെ വഴിതിരിച്ചുവിട്ട വെള്ളവും പാഴായി തുടങ്ങി. കനാലുകളുടെ ചോർച്ചയും സ്വാഭാവികമായി സംഭവിക്കുന്ന ബാഷ്പീകരണവുമൊക്കെയാണ് വെള്ളം പാഴാക്കി കളഞ്ഞത്. അവസാനം ഈ പദ്ധതി വലിയ ദുരന്തമായി തീർന്നു. യുനെസ്കോ ഈ പദ്ധതിക്ക് ഇട്ടിരിക്കുന്ന ലേബൽ പാരിസ്ഥിതിക ദുരന്തമെന്നാണ്.
തെറ്റുകളിൽനിന്ന് പാഠം ഉൾക്കൊണ്ട് ഇപ്പോൾ ഖസാക്കിസ്ഥാനും ഉസ്ബെക്കിസ്ഥാനും ചേർന്ന് ആരൽ കടലിനെ പൂർവസ്ഥിതിയിലാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ, ഇപ്പോൾ പഴയ ആരൽ കടൽ മേഖല അറിയപ്പെടുന്നത് ആരൽകം മരുഭൂമി എന്നാണ്.
പ്രകൃതിയുടെ സന്തുലിതാവസ്ഥയിൽ മനുഷ്യന്‍റെ ഇടപെടലുണ്ടായാൽ പിന്നെ ഉണ്ടാകുന്നത് പ്രവചനാതീതമായിരിക്കും. ഇന്ത്യപോലെ സ്ഥലക്ഷാമമുള്ളൊരു രാജ്യത്ത് നദികളെ തമ്മിൽ സംയോജിപ്പിക്കാൻ വേണ്ടി വരുന്നത് വലിയ അളവിൽ ഭൂമിയാണ്. ഡാമുകൾക്കും റിസർവോയറുകൾക്കും കനാലുകൾക്കുമായി കരഭൂമി വേണം ഉപയോഗിക്കാൻ, അതിൽ നല്ലൊരു ഭാഗവും കൃഷിഭൂമി ആയിരിക്കും. കൃഷി മരിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യയിൽ കർഷകന്‍റെ ശവപ്പെട്ടിയിലെ അവസാന ആണി അടിക്കലാകും ഇത്തരം പദ്ധതികൾ. കൃഷിഭൂമി മാത്രമായിരിക്കില്ല കാടും നശിപ്പിക്കപ്പെടും. അതോടെ മനുഷ്യനും മൃഗങ്ങളും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിന്‍റെ തീവ്രത വർദ്ധിക്കും.
ഇത്തരമൊരു പദ്ധതി സൃഷ്ടിക്കുന്ന സാമൂഹിക-സാമ്പത്തിക അസന്തുലിതാവസ്ഥ അതിഭീകരമായിരിക്കും. മനുഷ്യന്‍റെ അത്യാഗ്രഹത്തിന് അനുസരിച്ച് ഉപയോഗിച്ച് നശിപ്പിക്കേണ്ട ഒന്നല്ല പ്രകൃതി. വരുംതലമുറകൾക്ക് വേണ്ടി കൂടി കരുതി വെയ്ക്കേണ്ടതാണ്. കോടികണക്കിന് ജീവികളുടേയും ബാക്ടീരിയകളുടെയും സസ്യജാലങ്ങളുടെയും വാസസ്ഥലം നശിപ്പിക്കാൻ മനുഷ്യന് എന്ത് അവകാശമാണുള്ളത്? ഉറുമ്പു മുതൽ ആന വരെ എല്ലാ മൃഗങ്ങൾക്കും ഇവിടെ ജീവിക്കാനുള്ള അവകാശമുണ്ട്. മനുഷ്യന് മുന്നും ഭൂമിയുണ്ടായിരുന്നു എന്നാണ് ശാസ്ത്രം പറയുന്നത്. അന്ന് ഇവിടെ മൃഗങ്ങളും ജീവികളും സ്വൈര്യവിഹാരം നടത്തിയിരുന്നു. മനുഷ്യന്‍റെ ആഗമനത്തോട് കൂടി കാര്യങ്ങൾ ആകെ മാറി. കഴിഞ്ഞ ഒരു നൂറ് വർഷത്തിനിടെ കാര്യങ്ങൾ ആകെ തകിടം മറിഞ്ഞു. കാട്ടിലേക്ക് മനുഷ്യൻ കുടിയേറിയപ്പോൾ മൃഗങ്ങൾ ദേശീയ ഉദ്യാനങ്ങളിലേക്കും കാഴ്ച്ച ബംഗ്ലാവുകളിലേക്കും കുടിയിറക്കപ്പെട്ടു.
ആൽബർട്ട് ഐൻസ്റ്റീൻ പണ്ട് പറഞ്ഞത് ഇപ്പോഴും പ്രസക്തമാണ്, ‘ഭൂമുഖത്തുനിന്ന് തേനിച്ചകൾ അപ്രത്യക്ഷമായാൽ നാല് വർഷത്തിൽ കൂടുതൽ മനുഷ്യന് ഭൂമിയിൽ ജീവിക്കാനാവില്ല’.
വികസനത്തിന്‍റെ പേരിൽ പ്രകൃതിയെ നശിപ്പിക്കുന്നത് ആത്മഹത്യാപരമാണ്.
References:
http://mowr.gov.in/schemes-projects-programmes/schemes/interlinking-rivers
https://www.indiatvnews.com/news/india-pm-modi-rs-5-5-lakh-crore-river-linking-project-ambitious-plan-deal-with-droughts-floods-400170
https://www.downtoearth.org.in/coverage/the-debate-on-interlinking-rivers-in-india-13496
https://timesofindia.indiatimes.com/india/govt-may-declare-inter-state-river-linking-projects-as-national-projects/articleshow/62544432.cms
https://www.jagranjosh.com/general-knowledge/advantages-and-disadvantages-of-interlinking-rivers-in-india-1506409679-1
https://www.geoecomar.ro/website/publicatii/Nr.19-2013/12_mehta_web_2013.pdf
February 25, 2019 — magnon