പ്രാദേശികവത്കരണം (ലോക്കലൈസേഷൻ) നടത്തുന്ന ഒരു ഏജൻസി എന്ന നിലയിൽ, ഞങ്ങൾ പ്രാഥമികമായി കൈകാര്യം ചെയ്യുന്നത് ഔപചാരികമായ കണ്ടന്‍റുകളാണ് (ഫോർമൽ കണ്ടന്‍റ്) എന്നതിനാൽ അത് സർഗാത്മക രചനയ്ക്ക് കീഴിൽ വരുന്നില്ല. വല്ലപ്പോഴും മാത്രമാണെങ്കിലും, കവിതകൾ പോലെയുള്ള സാഹിത്യസൃഷ്ടികളും ഞങ്ങൾക്ക് മൊഴിമാറ്റേണ്ടതായി വരാറുണ്ട്. അന്താരാഷ്ട്ര തലത്തിൽ പ്രശസ്‍തമായ ഒരു കവിത ഇന്ത്യയിലെ, ഞങ്ങൾ കൈകാര്യം ചെയ്യുന്ന, പ്രാദേശിക ഭാഷകളിലേക്ക് ലോക്കലൈസ് ചെയ്യേണ്ടതായി വന്നാൽ, സ്രോതഭാഷയുടെ ഓജസും തേജസും നഷ്ടപ്പെടാതെ അതെങ്ങനെ സാധിക്കും? ഇക്കാര്യത്തിൽ മാഗ്‍നോണിൽ, ഞങ്ങളുടേതായ സമീപനമുണ്ട്.
സർഗാത്‍മക രചന സർഗാത്മകതയുടെ മേമ്പൊടിയിൽ മൊഴിമാറ്റുന്നതാണ്, ട്രാൻസ്ക്രിയേഷൻ. ഒരു ഭാഷയെ മറ്റൊരു ഭാഷയിലേക്ക്, അതിന്‍റെ സ്ഥലകാല പരിസര ബോധത്തോടെ, മൊഴിമാറ്റുന്ന പ്രക്രീയയാണ് ട്രാൻസ്ക്രിയേഷൻ. അത് കാര്യക്ഷമമായി ചെയ്യാൻ, ലിങ്ക്വിസ്റ്റ് ആദ്യം ചെയ്യേണ്ടത് ട്രാൻസ്‍ലേറ്ററുടെ കുപ്പായം അഴിച്ചുവെയ്ക്കുകയാണ്. എന്നാൽ മാത്രമെ തലച്ചോറിലെ ഉറങ്ങി കിടക്കുന്ന സർഗാത്മകതയുടെ അംശങ്ങളെ വിളിച്ചുണർത്താൻ സാധിക്കൂ. ട്രാൻസ്ക്രിയേഷൻ ചെയ്യുമ്പോൾ നമ്മൾ സ്വയം ആരായേണ്ട ചില ചോദ്യങ്ങൾ ഇവയാണ്.
-
- സ്രേതഭാഷയുടെ കാതലായ സന്ദേശം എന്താണ്? എഴുതിയിരിക്കുന്ന വാക്കിന്‍റെ അതേ അർത്ഥമായിരിക്കില്ല ഇവിടെ എഴുത്തുകാരൻ/എഴുത്തുകാരി ഉദ്ദേശിച്ചിരിക്കുന്നത്. പ്രശസ്‍തമായ ഓരോ കവിതകൾ എടുത്ത് പരിശോധിച്ചാൽ, നമുക്കിത് കാണാൻ കഴിയും. ഒരു കവിതയെ അതിന്‍റെ പൂർണതോതിൽ ഉൾക്കൊള്ളാൻ അത് എഴുതപ്പെട്ട ചരിത്രപരമായ സാഹചര്യങ്ങളെക്കൂടി മനസ്സിലാക്കേണ്ടതുണ്ട്.
- സ്രോതഭാഷാ സന്ദേശത്തിന്‍റെ ഭാവം എന്താണ്? ക്രൌരമാണോ ശാന്തമാണോ? ആശയങ്ങളെ ഒളിപ്പിച്ചു വെച്ചിരിക്കുന്നതാണോ, അതോ നേരിട്ട് കാര്യങ്ങളെ പറയുന്നതാണോ? നാടോടി പാട്ടിന്‍റെ ഈണമാണോ അതോ ഭക്തിമയമാണോ?
- ആരെയാണ് അഭിസംബോധന ചെയ്യുന്നത്? വിദ്യാഭ്യാസം കുറഞ്ഞ ആളുകളേയാണോ വിദ്യാസമ്പന്നരേയാണോ? കവിതയിലെ ‘സംഗതികൾ’ എന്ന് വിശേഷിപ്പിക്കാവുന്ന പോയറ്റിക്ക് ടെക്നീക്സ്, സാധാരണക്കാർക്ക് മനസ്സിലാകുന്നതാണോ? അല്ലെങ്കിൽ, നാമവിശേഷണങ്ങളിലോ സൂചിതങ്ങളിലോ പ്രതിബിംബകൽപ്പനകളിലോ മാറ്റം വരുത്തേണ്ടതുണ്ടോ?
- വായനക്കാരിൽ ഈ വാക്കുകൾ എന്തുതരം പ്രതികരണമായിരിക്കും സൃഷ്ടിക്കുക? ഈ ചോദ്യവും മുകളിൽ പറഞ്ഞ മുൻചോദ്യവും ഇടകലർത്തി, അതിന്‍റെ സ്വയംനിർവചിത ഉത്തരത്തിന്‍റെ അടിസ്ഥാനത്തിൽ വേണം, വാക്കുകളും വാചകങ്ങളുടെ ഘടനയും തിരഞ്ഞെടുക്കാൻ.
- സ്രോതഭാഷയിൽ ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം തിരഞ്ഞശേഷം വേണം നമ്മുടെ സർഗാത്മകതയുടെ തൊപ്പി അണിയാൻ. ഇതൊരു ട്രാൻസ്‍ലേഷൻ ജോലിയല്ല എന്ന് പറയാം. കാരണം, വിദേശഭാഷയെ സ്രോതസ്സാക്കി, നമ്മുടെ ഭാഷയിൽ പുതിയൊരു കവിത തന്നെ സൃഷ്ടിക്കുകയാണ് നാം ചെയ്യുന്നത്. ആളുകൾക്ക് താദാത്മ്യം പ്രാപിക്കാൻ കഴിയുന്ന വാക്കുകൾ, ഭാവപ്രകടനങ്ങൾ, ഉദാഹരണങ്ങൾ എന്നിവ വേണം നമ്മൾ എഴുതുമ്പോൾ പ്രതിഫലിക്കേണ്ടത്.
- ഇത്തരം സങ്കീർണതകൾ മനസ്സിലാക്കാതെ, പതിവ്ശൈലിയിലാണ് എഴുത്ത് മുന്നോട്ടു കൊണ്ടുപോകുന്നതെങ്കിൽ, അത് പരാജയമാകുമെന്ന കാര്യത്തിൽ സംശയമില്ല. തന്നെയുമല്ല ഭാഷാവിജ്ഞാനികളിൽനിന്ന് പരിഹാസത്തിന് പോലും അത് കാരണമായേക്കാം.
ഒരു ലോക്കലൈസിംഗ് ഏജൻസിയെ സംബന്ധിച്ച്, കവിതയുടെ മൊഴിമാറ്റം, കഥയുടെ മൊഴിമാറ്റമൊക്കെ വല്ലപ്പോഴും മാത്രം സംഭവിക്കുന്നതകാണ്. എന്നാൽ, മാർക്കറ്റിംഗ് കമ്മ്യൂണിക്കേഷൻ, ക്രിയേറ്റീവ് കോപ്പിറൈറ്റിംഗ്, വീഡിയോകൾക്കും മറ്റുമുള്ള സബ്ടൈറ്റിലുകൾ എന്നിവയ്ക്ക് ട്രാൻസ്ക്രിയേഷനാണ് ഉപയോഗിക്കേണ്ടത്. ബ്രാൻഡുകളുടെ വ്യാവസായിക വിജയത്തിനും സംസ്കാരങ്ങളേയും ഭാഷകളേയും അതിർവരമ്പുകളേയും ഭേദിച്ച് നിലനിൽക്കേണ്ടതിനും, ട്രാൻസ്ക്രിയേഷൻ ചെയ്യുന്ന ഉള്ളടക്കം തെളിമയുള്ളതാകേണ്ടത് അത്യന്താപേക്ഷിതമാണ്.
ഭാഷയുടെ അതിർവരമ്പുകളെ ഭേദിക്കാൻ ശേഷിയുള്ളതാണ് മനുഷ്യഭാഷ. അതുകൊണ്ടാണ്, ട്രാൻസ്ക്രിയേറ്റ് ചെയ്‍ത ഉള്ളടക്കമാണെങ്കിലും നന്നായി എഴുതിയതാണെങ്കിൽ, സ്രോതഭാഷയിലേ അതേ വികാരം തന്നെ വിവർത്തനഭാഷയിലും ആസ്വദിക്കാൻ കഴിയുന്നത്.
മലയാളിയായ വർഗ്ഗീസ് കുര്യനോ ഹിന്ദിക്കാരനായ പീയുഷ് മിശ്രയോ, തമിഴനായ സുബ്രഹ്മണ്യ ഭാരതിയോ, തെലുങ്കനായ വെമാനയോ, കന്നഡിഗയായ നരസിംഹസ്വാമിയോ ആയിക്കൊള്ളട്ടേ – മനുഷ്യനെ പ്രചോദിതരാക്കാൻ ഭാഷ ഒരു തടസ്സമല്ലാതെ ആയിരിക്കട്ടേ. വാക്കുകളുടെയും വാചകങ്ങളുടെയും ഒളിഞ്ഞും തെളിഞ്ഞുമുള്ള അർത്ഥം അതിന്‍റെ എരിവും പുളിയും നഷ്ടപ്പെടാതെ നിങ്ങളിലേക്ക് എത്തിക്കാൻ ഞങ്ങളാൽ ആകുംവിധം ശ്രമിച്ചുകൊണ്ടേയിരിക്കുകയാണ്.
WOW അല്ലെങ്കിൽ WTF എന്ന് നിങ്ങൾക്ക് തോന്നിയ ഏതെങ്കിലും ട്രാൻസ്ക്രിയേഷൻ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ? ഉണ്ടെങ്കിൽ അത് കമന്‍റിൽ എഴുതു, അറിയാൻ ഞങ്ങൾക്ക് ആകാംക്ഷയുണ്ട്.
December 11, 2018 — magnon