കേരളവും പ്രാദേശിക ഉപയോക്താക്കളും: അറിയാം മലയാളി മനസ്സ്

Written by: Swetha Shaji

സാംസ്കാരികമായും പൈതൃകപരമായും വൈവിധ്യമാർന്ന ഒരു രാജ്യത്തിലാണ് നമ്മൾ ജീവിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ പലതരം സംസ്ക്കാരം, ഭാഷ, രുചിഭേദങ്ങൾ, ആഘോഷങ്ങൾ, ഉത്സവങ്ങൾ, ശീലങ്ങൾ. ഓരോ പ്രദേശത്തും സംസാരിക്കുന്ന ഭാഷയുടെ അടിസ്ഥാനത്തിലാണ് ഓരോ സംസ്ഥാനവും രൂപീകൃതമായിരിക്കുന്നത്. തിരുവിതാംകൂറിലെയും ഏറനാടിലെയും മലബാറിലെയും മലയാളം സംസാരിക്കുന്നവർ ചേർന്ന് കേരളമുണ്ടായി. കന്നട സംസാരിക്കുന്നവർ ചേർന്ന് കർണാടകയുണ്ടായി. തമിഴ് സംസാരിക്കുന്നവർ ചേർന്ന് തമിഴ്നാട് രൂപീകൃതമായി. എന്നിരുന്നാലും ഒരു സംസ്ഥാനത്ത് ഒരു ഭാഷ മാത്രമേ സംസാരിക്കൂ എന്നല്ല ഇതിനർത്ഥം. കേരളത്തെ തന്നെ ഉദാഹരണമായി എടുത്താൽ വടക്കൻ കേരളത്തിൽ കർണാടകയുമായി അതിർത്തി പങ്കിടുന്ന ഗ്രാമങ്ങളിൽ കന്നടയും കൊങ്കിണിയും സംസാരിക്കുന്നവരുണ്ട്. പാലക്കാടൻ അതിർത്തി ഗ്രാമങ്ങളിൽ തമിഴ് സംസാരിക്കുന്നവരെ നമുക്ക് കാണാം. അതുപോലെ തന്നെയാണ് ഇടുക്കിയുടെ അതിർത്തി ഗ്രാമങ്ങളും. തമിഴ് ചുവയുള്ള മലയാളമാണ് ഇവിടെ. 

പലമേഖലകളിലുമുണ്ടായ മാറ്റം ഭാഷയുടെ കാര്യത്തിലുമുണ്ടായി. അതുകൊണ്ട് തന്നെ പ്രദേശിക ഉപയോക്താക്കൾക്ക് കാര്യങ്ങൾ എളുപ്പത്തിൽ മനസ്സിലാകാൻ പ്രാദേശികവത്കരണം ആവശ്യമാണ്. അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേത്. ആഗോളവളർച്ചയുടെ 15 ശതമാനം ഇന്ത്യയിൽ നിന്നുമാണ്. നിങ്ങൾക്ക് ഒരു ബിസിനസ്സ് ഉണ്ടെങ്കിൽ ഇന്ത്യൻ വിപണിയിൽ പരമാവധി ലാഭം നേടാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങളുടെ ബിസിനസ്സിന്റെ ഉള്ളടക്കം ഇന്ത്യൻ ഭാഷകൾക്കനുസരിച്ച് പ്രാദേശികവൽക്കരിക്കണം. ഒരു കമ്പനിയും ഇത്രയും വലിയൊരു വിപണി അവഗണിക്കുകയേ ഇല്ല. അതേസമയം മിക്ക ഇന്ത്യക്കാരും ഇംഗ്ലീഷ് ഭാഷയുടെ പ്രധാന്യം മനസ്സിലാക്കുകയും അത് സ്വായത്തമാക്കാൻ കഠിനമായി പരിശ്രമിക്കുകയും ചെയ്യുന്നുണ്ട്. ഒരു തരത്തിൽ ഇത് അവർ ചെയ്യുന്ന തൊഴിലിൻ്റെ ആവശ്യകതയാകാം. എന്നാൽ പലപ്പോഴും ആളുകൾ ഏതെങ്കിലും ഉല്പന്നത്തെ കുറിച്ചോ സേവനത്തെ കുറിച്ചോ ഇൻ്റർനെറ്റിൽ തിരയുമ്പോൾ അവരുടെ ഭാഷയിൽ വിവരങ്ങൾ ലഭിക്കണമെന്ന് ആഗ്രഹിക്കുന്നു. ഇത്തരം വിവരങ്ങൾ ആശയം ചോരാതെ ആളുകളിലേക്ക് എത്തിക്കുകയെന്നതാണ് ഓരോ കമ്പനിയും നേരിടുന്ന വെല്ലുവിളി. ആരാണ് ഞങ്ങളുടെ ഉൽപ്പന്നം ഉപയോഗിക്കുന്നത്? ആരാണ് ഞങ്ങളുടെ വിവരങ്ങൾ വായിക്കുക? ഞങ്ങളുടെ പരസ്യങ്ങൾ ആർക്കാണ് എത്തിച്ചേരേണ്ടത്? ആരാണ് ഞങ്ങളുടെ സേവനം ഉപയോഗിക്കുന്നത്? ഈ ചോദ്യങ്ങളുടെ ഉത്തരം അറിയാമെങ്കിലും ഭാഷയുടെ സഹായത്തോടെ മാത്രമേ നിങ്ങൾക്ക് ഏതെങ്കിലും ഉൽപ്പന്നമോ സേവനമോ ആളുകളിലേക്ക് എത്തിക്കാൻ കഴിയൂ. 

മലയാളികളുടെ കാര്യമെടുത്താൽ വിദ്യാഭ്യാസ മേഖലയിൽ രാജ്യത്തെ തന്നെ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനമാണ് കേരളം. പക്ഷേ മലയാളിയുടെ ഇംഗ്ലീഷ് ഭാഷയുടെ പ്രാവീണ്യം കണക്കിലെടുക്കുമ്പോൾ സ്ഥിതി അത്ര ആശ്വാസ്യമല്ല. അതുകൊണ്ട് തന്നെ ഉല്പന്നങ്ങളുടെ പ്രാദേശികവത്കരണം വളരെയധികം പ്രധാനമാണ്. പ്രാദേശികവത്കരണത്തിലേക്ക് വരുമ്പോൾ കേരളത്തിൻ്റെ സംസ്ക്കാരിക പൈതൃകത്തെ കുറിച്ച് അറിയേണ്ടതുണ്ട്. നൂറ്റാണ്ടുകളുടെ പഴക്കമുള്ളതാണ് കേരളത്തിന്റെ  സാംസ്കാരിക പൈത്യകം.  തനതായ കലകള്‍, ഭാഷ, സാഹിത്യം, വാസ്തുശില്പരീതി, സംഗീതം, ഉത്സവങ്ങള്‍,  ഭക്ഷണരീതി, പുരാവസ്തുസ്മാരകങ്ങള്‍, പൈതൃകകേന്ദ്രങ്ങള്‍ എന്നിവയെല്ലാം ചേര്‍ന്നതാണ് കേരളസംസ്കാരം.  

ഉത്സവങ്ങൾ 

കേരളീയ ജീവിതത്തിന്റെ പ്രസരിപ്പ് പ്രത്യക്ഷപ്പെടുന്നത് ഉത്സവങ്ങളിലാണ്. സാമൂഹികമായ കൂട്ടായ്മയുടെ ആവിഷ്കാരങ്ങളായ ഒട്ടേറെ ഉത്സവങ്ങളുണ്ട്. മിക്ക കലകളും വളര്‍ന്നതും വികസിച്ചതും ആവിഷ്കരിക്കപ്പെടുന്നതും ഉത്സവങ്ങളോടനുബന്ധിച്ചാണ്. ദേവാലയങ്ങളുമായി ബന്ധപെട്ട ഉത്സവങ്ങളും മതനിരപേക്ഷമായ ഉത്സവങ്ങളുമുണ്ട്. ഓണമാണ് കേരളത്തിന്റെ ദേശീയോത്സവം. വിഷു, നവരാത്രി, ദീപാവലി, ശിവരാത്രി, തിരുവാതിര എന്നിവയാണ് പ്രധാനപ്പെട്ട ഹൈന്ദവാഘോഷങ്ങള്‍. റംസാന്‍, ബക്രീദ്, തുടങ്ങിയവ മുസ്ലീങ്ങളുടെയും, ക്രിസ്മസ്, ഈസ്റ്റര്‍ എന്നിവ ക്രൈസ്തവരുടെയും. ഇവയ്ക്കു പുറമെ മൂന്നുമതങ്ങളുടെയും ദേവാലയങ്ങളില്‍  പ്രാദേശികാടിസ്ഥാനത്തിൽ വ്യത്യസ്തമായ ഉത്സവങ്ങളും നടക്കുന്നു.

ഓണം

കേരളത്തിന്റെ ദേശീയ ഉത്സവമാണ് ഓണം. ചിങ്ങമാസത്തിലെ തിരുവോണ ദിവസമാണ് ഓണം ആഘോഷിക്കുന്നത്. ഓണ സദ്യയും അത്ത പൂക്കളവും ഓണനാളിന്റെ പ്രത്യേകതകളാണ്. പൗരാണിക കാലത്ത് കേരളം ഭരിച്ചിരുന്നു എന്നു കരുതപ്പെടുന്ന മഹാബലി ചക്രവര്‍ത്തിയുടെ ഓര്‍മ്മയ്ക്കായാണ് കേരളീയര്‍ ഓണം ആഘോഷിക്കുന്നത്. മാവേലിയുടെ ഭരണകാലത്തിന്റെ മധുര സ്മരണകള്‍ ഉണര്‍ത്തുന്ന ഉത്സവം മലയാളികൾ ഓണ സദ്യ ഒരുക്കിയും ഓണക്കോടി ഉടുത്തും ആഘോഷിക്കുന്നു.

വിഷു

ജ്യോതിശാസ്ത്രപരമായി എല്ലാ വര്‍ഷവും മേടമാസം ഒന്നാം തിയതിയാണ് മലയാളി വിഷു ആഘോഷിക്കുന്നത്. വീടുകളില്‍ കണിയൊരുക്കിയും മുതിര്‍ന്നവര്‍ മറ്റുള്ളവര്‍ക്ക് വിഷുകൈനീട്ടം നല്‍കിയും വിഷു ദിവസം ആഘോഷിക്കുന്നു. 

പ്രാദേശിക ഉത്സവങ്ങൾ 

തൃശ്ശൂർ പൂരം

കേരളത്തിനകത്തും പുറത്തും ഏറ്റവും ജനശ്രദ്ധയാകർഷിക്കുന്ന ഉത്സവങ്ങളിൽ ഒന്നാണ് തൃശ്ശൂർ പൂരം . കൊച്ചിരാജാവായിരുന്ന ശക്തൻ തമ്പുരാൻ തുടക്കം കുറിച്ച തൃശൂർ പൂരത്തിന് എകദേശം 200 വർഷത്തെ ചരിത്ര പാരമ്പര്യമുണ്ട്. പൂരം കാണുവാനായി വിദേശ സഞ്ചാരികളടക്കം ധാരാളം ആളുകൾ വർഷം തോറും തൃശ്ശൂരിൽ എത്തുന്നു. മേടമാസത്തിലെ പൂരം നക്ഷത്രത്തിലാണ് തൃശൂർപൂരം ആഘോഷിക്കുന്നത്. ആനകളെ അണിനിരത്തിയുള്ള പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളുടെ മേള, പഞ്ചവാദ്യ ഘോഷങ്ങളും ആനപ്പുറത്തെ കുടമാറ്റം, പുലരുന്നതിനു മുമ്പുള്ള വെടിക്കട്ട് എന്നിവ പ്രധാന ആകർഷണങ്ങളാണ്.

ശബരിമല തീർത്ഥാടനം

കേരളത്തിലെ പത്തനംതിട്ട ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു ഹൈന്ദവ ക്ഷേത്രമാണ് ശബരിമല. ഒരു പ്രത്യേക കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ ഭക്തരെത്തുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നാണ് ശബരിമല. ഏകദേശം മൂന്നു കോടിയിലധികം പേരാണ് ഓരോ വർഷവും ഇവിടം സന്ദർശിക്കുന്നത്. മറ്റു ക്ഷേത്രങ്ങളിലെപ്പോലെ വർഷത്തിൽ എല്ലാ ദിവസവും ഇവിടെ പൂജയോ തീർത്ഥാടനമോ നടക്കുന്നില്ല. നവംബർ-ഡിസംബർ മാസങ്ങളിൽ, വൃശ്ചികം ഒന്നുമുതൽ ധനു പതിനൊന്ന് വരെ നീളുന്നതും മണ്ഡലക്കാലം എന്നറിയപ്പെടുന്നതുമായ 41 ദിവസങ്ങളാണ് ശബരിമലയിലെ പ്രധാന തീർത്ഥാടന കാലയളവ്.

ഭക്ഷണരീതി 

അരിയാണ് കേരളീയരുടെ പ്രധാന ഭക്ഷ്യവസ്തു. പച്ചക്കറികള്‍, മീന്‍, മാംസം, മുട്ട എന്നിവ കൊണ്ടു തയ്യാറാക്കുന്ന കറികള്‍ അരി വേവിച്ചുണ്ടാക്കുന്ന ചോറിനൊപ്പം കഴിക്കുന്നതാണ് കേരളീയരുടെ പൊതുവായ ഭക്ഷണരീതി.  അരി ഉപയോഗിച്ചു മറ്റു പലരതരം വിഭവങ്ങളും ഉണ്ടാക്കുന്നു. തനതായ കേരളീയ ഭക്ഷണം എന്നതിനെക്കാള്‍  ബഹുസാംസ്കാരികമായ ഭക്ഷണസംസ്കാരമാണ് ഇന്നു കേരളത്തിനുള്ളത്.  അരിയും തേങ്ങയുമാണ്  കേരളീയ ഭക്ഷണത്തിൻ്റെ പ്രധാന ചേരുവകൾ. ആവിയില്‍ വേവിക്കുന്നതും എണ്ണയില്‍ വറുത്തെടുക്കുന്നതുമായ പലഹാരങ്ങള്‍, മധുരം ചേര്‍ത്തുണ്ടാക്കുന്ന പായസങ്ങള്‍, കിഴങ്ങുകള്‍ വേവിച്ചുണ്ടാക്കുന്ന പുഴുക്കുകള്‍ തുടങ്ങിയവയും കേരളീയ ഭക്ഷണങ്ങളില്‍പ്പെടുന്നു. അറേബ്യൻ നാടുകളുമായി മലയാളിക്കുള്ള ബന്ധം കേരളത്തിൻ്റെ ഭക്ഷണ രീതികളിലും പ്രകടമാണ്. 

Leave a Reply

Your email address will not be published. Required fields are marked *