ഔദ്യോഗികമായി കേരളത്തിന്‍റെ ഭാഷ മലയാളമാണെങ്കിലും സംസ്ഥാനത്തിന്‍റെ വടക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന കാസർഗോഡിന്‍റെ സ്ഥിതി അതല്ല. കേരളത്തിന്‍റെ ഭാഗമാണെങ്കിലും ഇവിടെ മലയാളം സംസാരിക്കുന്ന ആളുകൾ ന്യൂനപക്ഷമാണ്. മലയാളേതര ഭാഷകൾ സംസാരിക്കുന്നവരാണ് ഇവിടെ അധികവും. കേരളത്തിൽ ഏറ്റവും അധികം ഭാഷകൾ സംസാരിക്കുന്ന പ്രദേശമാണ് കാസർഗോഡ്. തിരഞ്ഞെടുപ്പ് കാലം വരുമ്പോൾ രാഷ്ട്രീയ പാർട്ടികൾ സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുന്നതിൽ പോലും ഇവിടുത്തെ പ്രാദേശിക ഭാഷാവൈവിദ്ധ്യം സ്വാധീനം ചെലുത്താറുണ്ട്. ഇവിടുത്തെ ജനപ്രതിനിധികൾ ഒന്നും തന്നെ മലയാളം മാത്രം സംസാരിക്കുന്നവരല്ല.
ജില്ലാ ഭരണകൂടത്തിന്‍റെ വെബ്സൈറ്റിൽ തന്നെ കാസർഗോട്ടുകാർ മലയാളം, തുളു, കന്നഡ, ബ്യാരി, കൊങ്കിണി എന്നീ ഭാഷകൾ സംസാരിക്കുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇവ ഇവിടുത്തെ മുഖ്യധാരാ ഭാഷകളാണ്. പ്രാദേശിക ഭാഷാവകഭേദങ്ങൾ എടുത്താൽ ഇവിടെ 20 ഓളം ഭാഷകൾ സംസാരിക്കപ്പെടുന്നുണ്ടെന്നാണ് കണക്കാക്കുന്നത്.
കാസർഗോഡ് എന്ന ജില്ലയുടെ പേര് തന്നെ പിറന്നത് അയൽ സംസ്ഥാനമായ കർണാടകയുടെ ഔദ്യോഗിക ഭാഷയായ കന്നഡയിൽനിന്നാണ്. കാസർഗോഡ് ജില്ല അതിർത്തി പങ്കിടുന്നത് ഏറിയ പങ്കും കർണാടകയുമായിട്ടാണ്, ഏതാനും ചില ഭാഗങ്ങൾ മാത്രമാണ് കണ്ണൂർ ജില്ലയുമായി അതിർത്തി പങ്കിടുന്നത്. അതുകൊണ്ട് തന്നെ മലയാളവുമായിട്ടല്ല മറിച്ച് കന്നഡ നാട്ടിലെ ഭാഷകളുമായാണ് ഇവർ കൂടുതൽ താദാത്മ്യം പ്രാപിച്ചിരിക്കുന്നത്. തുളു ഭാഷ സംസാരിക്കുന്ന ആളുകളുടെ ആധിക്യം കൊണ്ട് തുളുനാട് എന്നും ഈ ഭാഗം അറിയപ്പെടാറുണ്ട്. 20 ലക്ഷം ആളുകൾ സംസാരിക്കുന്ന ഭാഷയാണ് തുളു. കാലത്തിന്‍റെ കുതിപ്പിൽ ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഭാഷകളിലൊന്നാണിത്. തുളു ഭാഷയ്ക്ക് ലിപി ഉണ്ടെങ്കിലും ഇത് ഔദ്യോഗിക ഭാഷ അല്ലാത്തതിനാൽ ഭാഷയ്ക്ക് കാലികമായ വളർച്ചയോ വികാസമോ ഉണ്ടാകുന്നില്ല. മറിച്ച്, ഈ ഭാഷ അറിയാവുന്നവരുടെ എണ്ണം കുറഞ്ഞ് വരികയും ചെയ്യുന്നു.
കേരളത്തിലെ മറ്റ് ചില ജില്ലകളിലും ഭാഷാ മിശ്രണം കാണാമെങ്കിലും കാസർഗോഡ് ഉള്ളത് പോലെ വ്യാപകമായി മറ്റൊരിടത്തുമില്ല. കേരളത്തിന്‍റെ അതിർത്തി ജില്ലകളായ പാലക്കാടും ഇടുക്കിയും തമിഴ് സ്വാധീനം വളരെ ശക്തമായിട്ടുണ്ട്. എന്നാൽ, ഇവിടങ്ങളിൽ തമിഴും മലയാളവും മാത്രമാണുള്ളത്, കാസർഗോഡ് ഉള്ളത് പോലെ 20 ഭാഷകൾ സംസാരിക്കുന്നില്ല. എറണാകുളം ജില്ലയിൽ ഗുജറാത്തി, കൊങ്കിണി ഭാഷ സംസാരിക്കുന്നവരുടെ സെറ്റിൽമെന്‍റുകളുണ്ട്, അത് ഒരു പ്രത്യേക സ്ഥലത്ത് മാത്രം കേന്ദ്രീകരിച്ചിട്ടുള്ളതാണ്. ഇവരൊക്കെ തന്നെ മലയാളം ഭാഷ നന്നായി കൈകാര്യം ചെയ്യുന്നവരുമായിരിക്കും. കാസർഗോട്ടുകാരുടെ മലയാളമാകട്ടെ ബഹുമുഖ സ്വാധീനങ്ങൾ ഉള്ളതിനാൽ എപ്പോഴും തനത് ശൈലിയിൽ നിലനിൽക്കുകയും ചെയ്യുന്നു. കാസർഗോഡ് ഭാഷാ സംഗമങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ പദ്ധതികൾ പോലും നിലവിലുണ്ട്. സംസ്ഥാന സർക്കാർ നടത്തുന്ന തുളു അക്കാദമി, കന്നഡ കവി ഗോവിന്ദ പൈ സ്മാരകം തുടങ്ങിയവ വിവിധ ഭാഷാ സംസ്കാരങ്ങൾ ഇടകലർന്ന് നിലനിൽക്കുന്നതിന്‍റെ ദൃഷ്ടാന്തങ്ങളാണ്. തുളു ഭാഷ അന്യം നിന്ന് പോയേക്കാമെന്ന ഭാഷാ സ്നേഹികളുടെ ആശങ്കയിൽ നിന്നാണ് തുളു അക്കാദമി പിറവിയെടുക്കുന്നത്.
കേരളത്തിന്‍റെ മറ്റ് പ്രദേശങ്ങളിലുള്ള ആളുകൾക്ക് പലപ്പോഴും കാസർഗോഡ് ഭാഷ മനസ്സിലാകാറില്ല. തുളു, കന്നഡ, ബ്യാരി പോലുള്ള ഭാഷകളുടെ സ്വാധീനം കൊണ്ട് ഇവിടുത്തുകാർ സംസാരിക്കുന്ന മലയാളം മേൽപ്പറഞ്ഞത് പോലെ തനത് ശൈലിയിലാണ്. കാസർഗോഡ് ഭാഷ കൃത്യമായി കൈകാര്യം ചെയ്യുന്ന ഏതാനും ചില സിനിമകളും പുസ്തകങ്ങളും മാത്രമാണ് കേരളത്തിൽ ഇറങ്ങിയിരിക്കുന്നത് എന്നതാണ് യാഥാർത്ഥ്യം. കാസർഗോഡ് ഭാഷാവൈവിധ്യത്തിന്‍റെ ഭൂമിയാണ് എന്ന് അറിയാത്തവർ പോലും ഇപ്പോഴും കേരളത്തിലുണ്ട്.
January 14, 2019 — magnon