മലയാള ഭാഷയുടെ ഉല്പത്തി സംബന്ധിച്ച് വ്യക്തതയില്ലെങ്കിലും പഴയ തമിഴ് ആണ് മലയാളത്തിൻ്റെ ആദിമ രൂപമെന്നാണ് പൊതുവെ പറയപ്പെടുന്നത്. ലോകമെമ്പാടുമായി മൂന്നര കോടിയിലധികം ആളുകൾ മലയാളം സംസാരിക്കുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. ദ്രാവിഡ ഭാഷാ കുടുംബത്തിൽ പെടുന്ന മലയാളത്തിന് ഇതര ഭാരതീയ ഭാഷകളായ സംസ്കൃതം, തമിഴ് എന്നീ ഭാഷകളുമായി വളരെയധികം ബന്ധവുമുണ്ട്. ദ്രാവിഡ പൈതൃകവും ബ്രാഹ്മണ മേധാവിത്ത്വവും ആണ് അതിനു കാരണം. എങ്കിലും ഭാരതത്തിലെ ഒട്ടുമിക്ക ഭാഷകൾ മാത്രമല്ല, ലോകത്തിലെ തന്നെ മിക്ക ഭാഷകളുടെയും അംശങ്ങൾ മലയാളത്തിൽ കാണാം. ആദികാലം തൊട്ടേ കേരളത്തിനുണ്ടായിരുന്ന വ്യാപാരബന്ധങ്ങൾ ഭാഷയുടെ പുരോഗതിയെ ഏറെ സ്വാധീനിച്ചതായി കാണാം. പാശ്ചാത്യൻ- പശ്ചിമേഷ്യൻ അധിനിവേശത്തിൻ്റെ ഫലമായി പല വാക്കുകളും കേരളത്തിൽ വേരുറപ്പിച്ചു. അറബിയുടെയും ഇംഗ്ലീഷിൻ്റെയും കാര്യമാണ് ഇവിടെ എടുത്ത് പറയേണ്ടത്. കൂടാതെ ഹിന്ദിയും, ഉർദുവും, യൂറോപ്പ്യൻ ഭാഷകളും, ചൈനീസും എല്ലാം അതിന്റേതായ സംഭാവന മലയാളത്തിനു നൽകി. ബ്രിട്ടീഷുകാരും പോർച്ചുഗീസുകാരും ഫ്രഞ്ചുകാരുമെല്ലാം കടൽകടന്നു പോയെങ്കിലും അവർ ഉപയോഗിച്ച വാക്കുകൾ ഇവിടെ ബാക്കിയായി. അന്യഭാഷകളിൽ നിന്നും നാം സ്വീകരിച്ച പല വാക്കുകൾക്കും ഇപ്പോഴും കൃത്യമായ മലയാളമില്ല. ഉപയോഗിച്ച് ഉപയോഗിച്ച് പല വാക്കുകളും തേഞ്ഞ് തേഞ്ഞ് മലയാളം തന്നെയായി മാറി. സ്വിച്ച്, ഫാൻ, ടയർ, ബസ് തുടങ്ങി നമ്മൾ നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന വാക്കുകൾ തന്നെ ഏറ്റവും വലിയ ഉദാഹരണം.
ചില തെളിവുകൾ പ്രകാരം മലയാള ഭാഷക്ക് കന്നഡയുമായും പ്രകടമായ സാമ്യമുണ്ട്. ഉദാഹരണമായി
മലയാളം – തോണി, കന്നഡ – ദോണി
മലയാളം – ഒന്ന്, കന്നഡ – ഒന്ദു
മലയാളം – വേലി, കന്നഡ – ബേലി
പ്രാദേശിക ഭാഷകളുടെ വികാസം
ആറു നാട്ടിൽ നൂറു ഭാഷ എന്ന കുഞ്ഞുണ്ണി മാഷിന്റെ വരികൾക്ക് വളരെ പ്രസിദ്ധമാണ്. ഇന്ത്യയിലെ കൊച്ചുസംസ്ഥാനങ്ങളിൽ ഒന്നാണ് കേരളമെങ്കിലും മലയാള ഭാഷയ്ക്ക് പ്രാദേശികാടിസ്ഥാനത്തിൽ വളരെയധികം വ്യത്യസ്തതകളുണ്ട്. പതിനാല് ജില്ലകളിൽ വെവ്വേറെ സംസാര രീതി. വിവിധ ഭാഗങ്ങളിൽ ഭാഷയും അതിന്റെ ഉച്ചാരണവും വ്യത്യസ്തവും രസകരവുമാണ്. അറിഞ്ഞോ അറിയാതെയോ അച്ചടി ഭാഷയെ മാറ്റി നിർത്തിയാണ് നാമേവരും മലയാളം സംസാരിക്കുന്നത്. പ്രാദേശിക തലത്തിൽ സംസാരഭാഷയ്ക്ക് പ്രാധാന്യം ലഭിച്ചു.
കേരള സർവകലാശാല ഭാഷാശാസ്ത്ര വിഭാഗം നടത്തിയ ഭാഷാഭേദ പഠനത്തിൽ 12 പ്രാദേശിക ഭേദങ്ങൾ മലയാളത്തിനുണ്ട് എന്ന് കണ്ടെത്തി. മലയാളത്തിന് തെക്കൻ (തിരുവിതാംകൂർ), മധ്യകേരള (കോട്ടയം), തൃശ്ശൂർ, മലബാർ എന്നീ നാലു പ്രാദേശിക രൂപങ്ങളാണു പ്രധാനമായും ഉള്ളത്. ഇവ തന്നെ ഉച്ചാരണത്തിൽ മാത്രമെ നിലനിൽക്കുന്നുള്ളു. അച്ചടി ഭാഷയിൽ അധികമായ് കോട്ടയം രീതിയുടെ സ്വാധീനം കാണാം. ആദ്യകാല അച്ചുകൂടങ്ങൾ പലതും കോട്ടയത്തും സമീപ പ്രദേശങ്ങളിലും ആയതാകാം ഇതിനു കാരണം. കാലക്രമേണ മലയാള ഭാഷയിൽ പലതരത്തിലുള്ള മാറ്റങ്ങളുണ്ടായി. സംസ്കൃതവത്കരണം കുറഞ്ഞു. ഇംഗ്ലീഷ് ഭാഷ ഇഴചേർന്ന മലയാളം ആളുകൾ കൂടുതലായി ഉപയോഗിക്കാൻ തുടങ്ങി. ശുദ്ധമലയാളം നഷ്ടമായെന്ന് ഭാഷാ സ്നേഹികൾ വിലപിക്കുമ്പോഴും അച്ചടിഭാഷയ്ക്ക് പകരം, ഭാഷ ലളിതവത്കരിക്കപ്പെട്ടു എന്ന കാര്യം എടുത്ത് പറയേണ്ടതാണ്.
സാമൂഹിക സാംസ്കാരിക മേഖലകളിൽ ഭാഷയ്ക്കുണ്ടായ മാറ്റം
അതുപോലെ തന്നെ സാമൂഹികതലത്തിലുള്ള മുന്നേറ്റത്തിൻ്റെ ഭാഗമായി അധിക്ഷേപകരമായ പല വാക്കുകളും ഒഴിവാക്കപ്പെട്ടു. ഉദാഹരണമായി വികലാംഗൻ / വികലാംഗ എന്ന പദത്തിന് പകരം ഭിന്നശേഷിക്കാരൻ / ഭിന്നശേഷിക്കാരി എന്ന പദം നിലവിൽ വന്നു. പലവാക്കുകളും അൺപാർലമെൻ്ററി ആയി അടയാളപ്പെടുത്തി. നപുംസകം, ആണും പെണ്ണും കെട്ടവൻ, ഹിജഡ ഇത്യാദി വാക്കുകൾക്ക് പകരം ട്രാൻസ്ജെൻഡർ എന്ന പദം സർവ്വ സാധാരണമായി. ഭാഷയിലെ പുരോഗമനപരമായ മുന്നേറ്റമാണ് ഇവിടെ എടുത്ത് കാണിക്കപ്പെടുന്നത്.
ടെക്നിക്കൽ വാക്കുകൾ ഭാഷയിൽ വേരുറപ്പിച്ചു
വിവരസാങ്കേതിക വിദ്യയുടെ കടന്നുവരവ് ഭാഷയിലും പ്രതിഫലിച്ചു. ഡിജിറ്റൽ ഉപകരണങ്ങളുടെ പേരുകളെല്ലാം തന്നെ ഇംഗ്ലീഷിലാണ് നാമുപയോഗിക്കുന്നത്. മൊബൈൽ ഫോൺ, ടാബ്ലറ്റ്, ഐപാഡ്, പ്ലേ സ്റ്റേഷനുകൾ, കമ്പ്യൂട്ടർ, കാൽക്കുലേറ്റർ തുടങ്ങി ചെറുതും വലുതുമായ എല്ലാ ഉപകരണങ്ങളും നാം ഇംഗ്ലീഷിൽ തന്നെയാണ് പറയാറുള്ളത്. അല്ലെങ്കിൽ ഇംഗ്ലീഷ് ഭാഷയുടെ സഹായമില്ലാതെ ഈ ഉപകരണങ്ങളുടെ പേരുകളൊന്നും പറയാനാകില്ല എന്ന് തന്നെ പറയാം.
ഭരണ ഭാഷ മലയാളം
ഭരണസംവിധാനം എന്ന നിലയിലും സ്കൂളുകളിലും കോളേജുകളിലും അധ്യാപകരുടെ മാധ്യമം എന്ന നിലയ്ക്ക് മലയാളം ഉയർന്നു വന്നു. തങ്ങളുടെ മനോഭാവത്തിൽ ശ്രദ്ധേയമായ ഉദാരവൽക്കരണം, മലയാളികൾ എല്ലായ്പ്പോഴും മറ്റു ഭാഷകളെ സ്വന്തമായി സ്വാഗതം ചെയ്യാനും, ഇവയുമായുള്ള ഇടപെടലുകൾ വിവിധ രൂപങ്ങളിൽ വികസനത്തിനും സഹായകമായിട്ടുണ്ട്. ഒട്ടനവധി മാറ്റങ്ങൾക്ക് വിധേയമായി ആധുനിക തലമുറയിൽ എത്തിനിൽക്കുമ്പോൾ ലോകസാഹിത്യത്തോട് തന്നെ മത്സരിക്കാൻ കഴിയുന്ന സാഹിത്യ സൃഷ്ടികളും സാഹിത്യകാരൻമാരെയും സംഭാവന നൽകാൻ മലയാള ഭാഷയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അതേസമയം, വർഷങ്ങളായി സമരം നടത്തി ശ്രേഷ്ഠ ഭാഷാ പദവി നേടിയെടുത്തെങ്കിലും പുത്തൻ തലമുറ മാതൃഭാഷയോട് പുറംതിരിയുന്ന ദയനീയ കാഴ്ചയും നമുക്ക് കാണാം.
March 26, 2021 — magnon