അതിജീവനത്തിന്‍റെ ഒന്നാം വാർഷികം; നിപ്പയേയും പ്രളയത്തെയും പൊരുതിതോൽപ്പിച്ച കേരളം

നിപ്പയേയും പ്രളയത്തേയും കേരളം അതിജീവിച്ചു. കുറ്റങ്ങളും കുറവുകളും പോരായ്‍മകളും ഉണ്ടായിരുന്നുവെങ്കിലും ദുരന്തമുഖത്ത് ഒറ്റക്കെട്ടായി നിൽക്കാൻ കേരളജനത കാട്ടിയ ആർജ്ജവം മറക്കാനാവാത്തതാണ്. നിപ്പയുടെ ഒന്നാം വാർഷികം കടന്ന് പോയി പ്രളയത്തിന്‍റെ ഒന്നാം വാർഷികവുമെത്തി, ഈ അവസരത്തിൽ ഒരു വർഷത്തെ അവസ്ഥാന്തരങ്ങളിലേക്കൊരു തിരിഞ്ഞുനോട്ടം നടത്തുകയാണ് ഈ കുറിപ്പിലൂടെ.
Written by: Aneesh M

എസ്.കെ. പൊറ്റക്കാടിന്‍റെ ‘ഒരു ദേശത്തിന്‍റെ കഥ’ അതിജീവനത്തിന്‍റെ കഥയല്ല, അതൊരു ഗ്രാമത്തിന്‍റെ കഥയാണ്. എന്നാൽ ഇന്ന് കേരളത്തിന് പറയാനുള്ളത് ഒരു ദേശത്തിന്‍റെ അതിജീവനത്തിന്‍റെ കഥയാണ്. കാലചക്രത്തെ ഒരു വർഷം പിന്നോട്ട് തിരിച്ചാൽ ആദ്യം നിപ്പയേയും പിന്നീട് പ്രളയത്തേയും എങ്ങനെ അതിജീവിച്ചു എന്നതിന്‍റെ നേർചിത്രം കാണാം. 

 

2018 മെയ് മാസത്തിലാണ് കോഴിക്കോട് ജില്ലയിൽ ആദ്യമായി നിപ്പാ വൈറസ് റിപ്പോർട്ട് ചെയ്യുന്നത്. അന്ന് അത് നിപ്പയാണെന്ന തിരിച്ചറിഞ്ഞിരുന്നില്ല, ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് വൈറോളജി ലാബുകളുടെ റിപ്പോർട്ടിൽ അതിന് സ്ഥിരീകരണം വന്നത്. ഏതാണ്ട് ഒരു മാസക്കാലം കോഴിക്കോടും മലപ്പുറവും ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. സമീപ ജില്ലകളിൽനിന്നുള്ള ആളുകളുടെ വന്നുപോക്കുകൾ പോലും ഇല്ലാതായി. ജനങ്ങൾ രോഗഭീതിയാൽ പരസ്പരം മിണ്ടാൻ പോലും മടിച്ചു. രോഗബാധിതർ വലിയ ദുരിതങ്ങൾ നേരിടേണ്ടി വന്നു. ഒരു മാസക്കാലത്തെ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ശേഷം ജൂൺ 10 നാണ് സർക്കാർ ഔദ്യോഗികമായി നിപ്പയെ പിടിച്ചുകെട്ടിയതായ പ്രഖ്യാപനം നടത്തിയത്. 

 

നിപ്പ എങ്ങനെ പടർന്നു എന്നതിനുള്ള ശാസ്ത്രീയ പരിശോധനകൾ ചെന്നെത്തുന്നത് പഴം തീനി വവ്വാലുകളിൽ ആണെങ്കിലും, ഈ വാദഗതിയെ തള്ളിക്കളയുന്നവർ ഇപ്പോഴുമുണ്ട്. ഹോളിവുഡ് സിനിമയായ കണ്ടേജിയൻ കൈകാര്യം ചെയ്യുന്നത് നിപ്പാ വൈറസിന് സമാനമായ പ്രമേയമാണ്. ഈ സിനിമയുടെ ക്ലൈമാക്‌സിൽ കാണിക്കുന്നത് പഴം തിന്നുന്ന വവ്വാലിൽനിന്ന് വൈറസ് പന്നിയിലേക്കും അവിടെനിന്നും പന്നിയിറച്ചി തിന്നുന്ന മനുഷ്യനിലേക്കും തുടർന്ന് മറ്റ് മനുഷ്യരിലേക്കും പകർന്നു എന്നാണ്. ഈ തിയറി വെച്ചാണ് അധികൃതർ വൈറസിന്‍റെ ഉറവിടം വവ്വാലുകളാണ് എന്ന് പറയുന്നത് എന്നാണ് ഒരു കൂട്ടരുടെ ആക്ഷേപം. എന്നാൽ ഇത് രാഷ്ട്രീയ വാദപ്രതിവാദങ്ങളിൽ മാത്രം ഒതുങ്ങുന്ന വാദമാണ്. ഈയടുത്ത് പുറത്തുവന്ന റിപ്പോർട്ട് സൂചിപ്പിക്കുന്നത്, കോഴിക്കോട്, മലപ്പുറം പ്രദേശങ്ങളിൽനിന്നാി പരിശോധനകൾക്കായി തിരഞ്ഞെടുത്ത വവ്വാലുകളിൽ ഏറിയ പങ്കിലും നിപ്പാ വൈറസിന്‍റെ സാന്നിദ്ധ്യം കണ്ടെത്തിയെന്നാണ്. നിപ്പാ വൈറസ് ബാധയേയും അതിനെ കേരളം എങ്ങനെ പ്രതിരോധിച്ചു എന്നും വിശദീകരിക്കുന്ന ഡോക്യു ഫിക്ഷൻ സ്വഭാവമുള്ള മലയാള സിനിമയായ വൈറസിലും പറയുന്നത് നിപ്പയുടെ ഉറവിടം വവ്വാലുകൾ തന്നെയാണെന്നാണ്. പ്രചനന കാലത്ത് ഇവയിലെ നിപ്പാ വൈറസുകൾക്ക് ശക്തിപ്രാപിക്കുകയും അത് മനുഷ്യനിലേക്ക് പടരുകയും ചെയ്യുന്നു എന്നാണ് സിനിമ പറഞ്ഞു വെയ്ക്കുന്നത്. 

 

കേരളം നിപ്പയെ പ്രതിരോധിച്ചത് എങ്ങനെ എന്നത് അന്താരാഷ്ട്ര മേഖലകളിൽപ്പോലും ചർച്ചയായ വിഷയമാണ്. ഈ നിപ്പാ വൈറസ് ബാധ ഉണ്ടായത് ഇന്ത്യയുടെ വടക്കൻ സംസ്ഥാനങ്ങളിൽ എവിടെ എങ്കിലുമായിരുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതി എന്ന തരത്തിലുള്ള താരതമ്യങ്ങളിൽ കേരളത്തിന്‍റെ രാഷ്ട്രീയ ഭൂമികയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടതുമാണ്. ജീവിത നിലവാരത്തിലും ആരോഗ്യപരിപാലനത്തിലും ഇന്ത്യയിലെ മറ്റേത് സംസ്ഥാനങ്ങളേക്കാലും ഒരുപടി മുന്നിലാണ് കേരളത്തിന്‍റെ സ്ഥാനം എന്നതാണ് ഇത്തരം ചർച്ചകൾക്ക് ആധാരം. 

സർക്കാർ സംവിധാനങ്ങളുടെ കൃത്യമായ ഇടപെടലും പ്രവർത്തനങ്ങളുടെ ഏകോപനവും വൈറസ് ബാധ ഏൽക്കാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയ മൂവായിരത്തോളം ആൾക്കാരെ ക്വാറന്‍റൈൻ ചെയ്‍തതുമാണ് വൈറസ് പടരാതിരുന്നത്. ഈ മാസം ആദ്യം വീണ്ടുമൊരു നിപ്പാ വൈറസ് കേസ് എറണാകുളത്ത് റിപ്പോർട്ട് ചെയ്യപ്പെടുകയും രോഗി മരിക്കുകയും ചെയ്‍തു. എന്നാൽ ഇത് മറ്റുള്ളവരിലേക്ക് വ്യാപിക്കാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും സർക്കാർ സംവിധാനങ്ങൾ ഒറ്റക്കെട്ടായിനിന്ന് ചെയ്തെടുത്തു. 

 

നിപ്പ ബാധിക്കപ്പെട്ടത് രണ്ട് ജില്ലകളിൽ മാത്രമാണെങ്കിലും കേരളത്തെ ആകെ ഭയപ്പാടോടെയാണ് ആളുകൾ നോക്കിക്കണ്ടിരുന്നത്. ടൂറിസ്റ്റുകൾ കേരളത്തിലേക്ക് വരാതെയായി, ഏതാണ്ട് ഒരു മാസക്കാലം അടഞ്ഞു കിടന്ന ഈ രണ്ട് ജില്ലകളിലെ വ്യാപാര സ്ഥാപനങ്ങൾ ഇവിടുത്തുകാരുടെ ദൈനംദിന ജീവിതത്തിന്‍റെ താളം തെറ്റിച്ചു. നിപ്പയെ പിടിച്ചുകെട്ടി കേരളം കുതിക്കാൻ തുടങ്ങുമ്പോഴാണ് ഓഗസ്റ്റ് മാസത്തിൽ മഴസംഹാര താണ്ടവമാടിയതും കേരളത്തെ മുക്കിക്കളഞ്ഞതും. എന്നാൽ, നിപ്പ കൈകാര്യം ചെയ്തപ്പോൾ ലഭിച്ച അംഗീകാരങ്ങളും പ്രശംസയുമൊന്നും പ്രളയം കൈകാര്യം ചെയ്തപ്പോൾ സംസ്ഥാന സർക്കാരിന് ലഭിച്ചില്ല. പ്രളയത്തിന് കാരണം തന്നെ സർക്കാർ ആണെന്നാണ് പൊതുജനം കരുതുന്നതും. പുറത്തുവന്ന പഠനറിപ്പോർട്ടുകളും വിരൽ ചൂണ്ടുന്നത് സർക്കാരിന്‍റെ, പ്രത്യേകിച്ച് വൈദ്യുതി വകുപ്പിന്‍റെ പിടിപ്പുകേടിലേക്കാണ്. 

 

കഴിഞ്ഞ കുറേക്കാലങ്ങളായി കേരളത്തിൽ മഴയുടെ അളവ് കുറഞ്ഞുവരികയായിരുന്നു. 2018ലും മഴ കുറവായിരിക്കും എന്ന കണക്ക് കൂട്ടലിൽ പരമാവധി ജലം ഇടുക്കി ഡാമിൽ കരുതിവെച്ച് വൈദ്യുതി ഉത്പാദനം നടത്തുകയും, അധികം വരുന്ന വൈദ്യുതി സെൻട്രൽ ഗ്രിഡിലേക്ക് നൽകി പണമുണ്ടാക്കുകയുമായിരുന്നു ലക്ഷ്യം. ഈ ഉദ്ദേശ്യത്തിലാണ് പരമാവധി സംഭരണശേഷിയുടെ അടുത്തെത്തിയിട്ടും ഡാം തുറന്ന് വിടാതിരുന്നത്. ഉദ്യോഗസ്ഥ തലത്തിൽ സംഭവിച്ച വീഴ്ച്ചയാണിതെന്ന കാര്യത്തിൽ സംശയമൊന്നുമില്ലെങ്കിലും ഇത് അംഗീകരിക്കാൻ സർക്കാരോ സർക്കാർ പ്രതിനിധികളോ തയാറല്ല. മഴ കനത്തതോടെ ഇടുക്കി ഡാമിന്‍റെ 10 ഓളം വരുന്ന ഷട്ടറുകൾ ഒരുമിച്ച് ഉയർത്തേണ്ടതായി വന്നു. കനത്ത മഴയെ തുടർന്ന് നിറഞ്ഞ് കിടന്ന പെരിയാറിനോ മറ്റ് കൈവഴികൾക്കോ ഉൾക്കൊള്ളാൻ പറ്റുന്ന അളവിലായിരുന്നില്ല ഇടുക്കിയിൽനിന്നുള്ള വെള്ളത്തിന്‍റെ വരവ്. ഇടുക്കി മുതൽ ആലുവ വരെയുള്ള പെരിയാറിന്‍റെ ഇരുകരകളേയും ഇത് മുക്കി. ഇടുക്കി ഡാം തുറന്നതിന് പിന്നാലെ കേരളത്തിലെ 30 ൽ ഏറെ വരുന്ന ഡാമുകളുടെ ഷട്ടറുകൾ ഉയർത്തേണ്ടതായി വന്നു. ഡാമുകളുടെ സംഭരണ ശേഷി കവിഞ്ഞതാണ് ഇതിന് കാരണം. ഇതോടെ ആലപ്പുഴ ഉൾപ്പെടുന്ന കുട്ടനാട്, ചാലക്കുടി പുഴയുടെ തീരത്തുള്ള പ്രദേശങ്ങൾ, വയനാട്, കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട തുടങ്ങി 14 ജില്ലകളും വെള്ളത്തിനടിയിലായി. ഇതിൽ ഏറ്റവും അധികം ദുരിതം അനുഭവിക്കേണ്ടി വന്നത് പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ആളുകൾക്കാണ്. 

 

ഇതുപോലൊരു പ്രളയം കൈകാര്യം ചെയ്യാനുള്ള യാതൊരുവിധ സന്നാഹങ്ങളും സർക്കാരിന് ഉണ്ടായിരുന്നില്ല. പ്രളയത്തിന് മുന്നിൽ സർക്കാർ സംവിധാനങ്ങൾ പകച്ച് നിന്നപ്പോൾ ഉള്ള വള്ളങ്ങളും ബോട്ടുകളുമായി നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് ഇറങ്ങി. പിന്നീട് രക്ഷാപ്രവർത്തനത്തിന് താളം വന്നത് മത്സ്യത്തൊഴിലാളികൾ രംഗത്ത് എത്തിയതോടെയാണ്. ഇതിന് ശേഷമാണ് സർക്കാർ സംവിധാനങ്ങൾ ഉണർന്നെഴുന്നേറ്റതും ആളുകൾക്ക് വേണ്ടി ക്യാമ്പുകളും മറ്റും ഒരുക്കിയതും. പിന്നീട് കേരളത്തിൽ കണ്ടത് ജാതി, മത, രാഷ്ട്രീയ വൈര്യങ്ങൾ മറന്ന് ജനങ്ങൾ ഒന്നിച്ച് കൈകോർക്കുന്നതാണ്. സർക്കാർ സംവിധാനങ്ങൾ കാര്യക്ഷമമല്ല എന്ന് തോന്നിയപ്പോൾ ക്യാമ്പുകളിലേക്കുള്ള ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളും കിടക്കകളും വിരികളും എല്ലാം എത്തിക്കാൻ പ്രളയത്താൽ ബാധിക്കപ്പെടാത്ത ജനങ്ങൾ ഒരുമിച്ചിറങ്ങി. കേരളം ഒറ്റക്കെട്ടായി നിന്ന് പ്രളയത്തെ ചെറുത്ത് തോൽപ്പിച്ചു. 

 

എന്നാൽ, പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് പിന്നീട് കൃത്യമായ സഹായം എത്തിക്കാൻ കഴിയാത്തതിന്‍റേ പേരിൽ വൻവിമർശനങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ് ഭരണകൂടം. 15,000 ത്തോളം വീടുകളാണ് പൂർണമായും തകർന്ന ഗണത്തിൽപ്പെടുത്തിയിട്ടുള്ളത്. പ്രളയം ഒഴിഞ്ഞ് ഒരു വർഷം പിന്നിടുമ്പോഴും ഇവരിൽ 5000 ത്തോളം വീടുകൾക്ക് ഭാഗികായി സഹായം എത്തിക്കാൻ മാത്രമാണ് സർക്കാരിന് കഴിഞ്ഞിട്ടുള്ളത്. 25,000 കോടി രൂപയാണ് കണക്കാക്കിയ നഷ്ടമെങ്കിലും ഇതിന്‍റെ ഒരംശം പോലും പരിഹരിക്കാൻ

മിഡിൽ ക്ലാസ്, അപ്പർ മിഡിൽ ക്ലാസ്, ഹൈക്ലാസ് വിഭാഗത്തിൽപ്പെട്ട ആളുകൾ സ്വയംപര്യാപ്തരാണെങ്കിലും തകർന്ന് പോയത് കേരളത്തിലെ ദരിദ്ര കുടുംബങ്ങളാണ്. ഇവരിൽ പലർക്കും ആകെ കിട്ടിയത് ക്യാമ്പുകളിൽ വിതരണം ചെയ്ത വസ്ത്രങ്ങളും ഭക്ഷണവും മാത്രമാണ്. 1924-ലെ പ്രളയത്തിനുശേഷം കേരളത്തിലുണ്ടായ ഏറ്റവും വലിയ പ്രളയമെന്നാണ് 2018-ലെ വെള്ളപ്പൊക്കം വിശേഷിപ്പിക്കപ്പെടുന്നത്. കനത്ത മഴയിലും, പ്രളയത്തിലും ഉരുൾപൊട്ടലിലും ഏകദേശം 483 പേർ മരിച്ചതായും 14 പേരെ കാണാതായതായും 140 പേർ ആശുപത്രിയിലായതായും മുഖ്യമന്ത്രി പിണറായി വിജയൻ പ്രളയാനന്തര പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ ചേർന്ന പ്രത്യേക നിയമസഭാ സമ്മേളനത്തെ അറിയിച്ചു. കേരളം പ്രളയത്തെ പ്രതിരോധിച്ചു, എന്നാൽ അതിൽനിന്ന് കരകയറിയോ എന്നത് ചോദ്യമായി ഇപ്പോഴും അവശേഷിക്കുന്നു.

——————————————————————————————————————————-

Disclaimer : The opinions expressed here belong solely to the author(s) and are not to be taken as the stated position(s) of Magnon or its subsidiaries.

Leave a Reply

Your email address will not be published. Required fields are marked *